വിക്ടോറിയയിൽ ലേബർ മന്ത്രിസഭയിൽ കൂട്ടരാജി; 3 മുതിർന്ന മന്ത്രിമാർ പടിയിറങ്ങി

admin ഏപ്രിൽ 13, 2026
വിക്ടോറിയയിൽ ലേബർ മന്ത്രിസഭയിൽ കൂട്ടരാജി; 3 മുതിർന്ന മന്ത്രിമാർ പടിയിറങ്ങി

മെൽബൺ: വരാനിരിക്കുന്ന നവംബർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിക്ടോറിയ സംസ്ഥാനത്തെ ഭരണകക്ഷിയായ ലേബർ പാർട്ടി മന്ത്രിസഭയിൽ വൻ അഴിച്ചുപണി. പാർട്ടിയുടെ മുതിർന്ന നേതാക്കളും സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നവരുമായ മൂന്ന് മന്ത്രിമാർ രാജിവെച്ചതായി പ്രഖ്യാപിച്ചു. ധനമന്ത്രി ഡാനി പിയേഴ്സൺ, ആരോഗ്യമന്ത്രി മേരി-ആൻ തോമസ്, ജല-നൈപുണ്യവികസന മന്ത്രി ഗെയിൽ ടിയർനി എന്നിവരാണ് ഇന്ന്  മന്ത്രിസ്ഥാനം ഒഴിഞ്ഞത്.

വരാനിരിക്കുന്ന നവംബറിലെ സംസ്ഥാന തിരഞ്ഞെടുപ്പിൽ തങ്ങൾ മത്സരിക്കില്ലെന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്. പ്രീമിയർ ജസിന്റ ഓളന് പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തി ക്യാബിനറ്റ് പുനഃസംഘടിപ്പിക്കുന്നതിന് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കൂട്ടരാജി. തിരഞ്ഞെടുപ്പിന് മുൻപ് ജനങ്ങൾക്ക് മുന്നിൽ പുതിയ മുഖങ്ങളെ അവതരിപ്പിക്കാനുള്ള പാർട്ടിയുടെ തന്ത്രപരമായ നീക്കമായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നത്. നാളെ (ഏപ്രിൽ 14) ചേരുന്ന പാർലമെന്ററി പാർട്ടി (ക്യാക്കസ്) യോഗത്തിന് ശേഷം പുതിയ മന്ത്രിമാരുടെ പട്ടിക പ്രീമിയർ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വികാരാധീനനായി ഡാനി പിയേഴ്സൺ

രാജി പ്രഖ്യാപിക്കുന്നതിനിടെ ഡാനി പിയേഴ്സൺ വികാരാധീനനായി. എംപിയായി 12 വർഷവും മന്ത്രിയായി ആറ് വർഷവും പ്രവർത്തിക്കാൻ സാധിച്ചതിൽ വലിയ കൃതാർത്ഥതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് ലഭിച്ച സ്നേഹത്തിനും പിന്തുണയ്ക്കും പാർട്ടിയോടും ജനങ്ങളോടും അദ്ദേഹം കണ്ണീരോടെ നന്ദി പറഞ്ഞു.

തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള തന്ത്രം

സംസ്ഥാനത്തിന്റെ ധനകാര്യം, ആരോഗ്യം, ജലവിഭവം-നൈപുണ്യവികസനം തുടങ്ങിയ സുപ്രധാന മേഖലകൾ കൈകാര്യം ചെയ്തിരുന്ന പരിചയസമ്പന്നരായ മൂന്ന് നേതാക്കളുടെ പടിയിറക്കം പാർട്ടിക്ക് വലിയ നഷ്ടമാണെങ്കിലും, പുതിയ മന്ത്രിസഭയിലൂടെ ഭരണത്തുടർച്ച ഉറപ്പാക്കാമെന്നാണ് ലേബർ പാർട്ടി കണക്കുകൂട്ടുന്നത്.

പുതിയ മുഖങ്ങൾക്ക് അവസരം നൽകുന്നതിലൂടെ സർക്കാരിന് പുതിയ ഊർജ്ജം പകരാൻ കഴിയുമെന്നാണ് വിലയിരുത്തൽ. എന്നാൽ, തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ, ജനജീവിതത്തെ നേരിട്ട് ബാധിക്കുന്ന സുപ്രധാന വകുപ്പുകളിൽ എത്തുന്ന പുതിയ മന്ത്രിമാർക്ക് എത്രത്തോളം മികച്ച പ്രകടനം കാഴ്ചവെക്കാനാകും എന്നത് ഒരു വെല്ലുവിളിയായി തുടരുന്നു.


News by
Author
Sajin Thiruvallam
News Editor
RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW