ചാരിറ്റിയുടെ മറവിൽ തീവ്രവാദ ഫണ്ടിംഗ്: കർശന ജാഗ്രതാ നിർദേശവുമായി അധികൃതർ സംഭാവനകൾ നൽകുന്ന മലയാളി സമൂഹത്തിനും മുന്നറിയിപ്പ്
കാൻബറ: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ (Charity) മറവിൽ തീവ്രവാദ സംഘടനകൾ ഫണ്ട് ശേഖരിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഓസ്‌ട്രേലിയൻ ജനതയ്ക്ക് കർശന മുന്നറിയിപ്പുമായി അധികൃതർ. സഹായമനസ്കരായ ആളുകളെ തെറ്റിദ്ധരിപ്പിച്ച് വിദേശത്തേക്ക് പണം കടത്തുന്ന വ്യാജ സംഘടനകളെ കരുതിയിരിക്കണമെന്ന് ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസിന്റെ (AFP) നേതൃത്വത്തിലുള്ള ‘ജോയിന്റ് ത്രെറ്റ് ഫിനാൻസിംഗ് ഗ്രൂപ്പ്’ (JTFG) അറിയിച്ചു.
നാട്ടിലേക്കും മറ്റും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവനകൾ നൽകുന്ന ഓസ്‌ട്രേലിയൻ മലയാളി സമൂഹവും ഇത്തരം വ്യാജ ഫണ്ട് ശേഖരണങ്ങളെക്കുറിച്ച് പ്രത്യേക ജാഗ്രത പുലർത്തേണ്ടതുണ്ട്.
എന്താണ് ഭീഷണി?
നിയമാനുസൃതമായ സംഭാവനകൾ എന്ന വ്യാജേനയാണ് ഇത്തരം സംഘടനകൾ ആളുകളിൽ നിന്ന് പണം ഈടാക്കുന്നത്. കൃത്രിമ രേഖകൾ ചമച്ചും മനുഷ്യസ്നേഹം ചൂഷണം ചെയ്തുമാണ് ഇവർ പണം പിരിക്കുന്നത്. എന്നാൽ നമ്മൾ നൽകുന്ന ഈ തുക അവസാനമെത്തുന്നത് രാജ്യത്തിന് പുറത്തുള്ള തീവ്രവാദ പ്രവർത്തനങ്ങളെ സഹായിക്കാനായാണ്.
കനത്ത ശിക്ഷ
ഓസ്‌ട്രേലിയൻ നിയമപ്രകാരം തീവ്രവാദ സംഘടനകളുമായി സാമ്പത്തിക ഇടപാടുകൾ നടത്തുന്നത് അതീവ ഗൗരവമുള്ള കുറ്റമാണ്: ഒരു തീവ്രവാദ സംഘടനയ്ക്ക് പണം നൽകുന്നതോ, അവരിൽ നിന്ന് പണം വാങ്ങുന്നതോ 25 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. തീവ്രവാദത്തിനോ തീവ്രവാദികൾക്കോ സാമ്പത്തിക സഹായം നൽകിയാൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം. ഓസ്‌ട്രേലിയയുടെ ഉപരോധ നിയമങ്ങൾ (Sanctions laws) ലംഘിക്കുന്നവർക്ക് 10 വർഷം വരെ തടവും കനത്ത പിഴയും ലഭിക്കും.
സംഭാവനകൾ നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ചാരിറ്റികൾക്ക് പണം നൽകുന്നതിന് മുൻപ് ചില അടിസ്ഥാന കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു:
രജിസ്ട്രേഷൻ പരിശോധിക്കുക: നിങ്ങൾ നൽകുന്ന പണം അംഗീകൃതവും രജിസ്റ്റർ ചെയ്തതുമായ ചാരിറ്റികൾക്കാണെന്ന് ഉറപ്പുവരുത്തുക. ഇതിനായി ഓസ്‌ട്രേലിയൻ ചാരിറ്റീസ് ആൻഡ് നോട്ട്-ഫോർ-പ്രോഫിറ്റ്സ് കമ്മീഷന്റെ (ACNC) വെബ്സൈറ്റിൽ കയറി ചാരിറ്റി രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്.
വിവരങ്ങൾ മനസ്സിലാക്കുക: സംഘടനയുടെ പ്രവർത്തനങ്ങൾ എവിടെയാണ് നടക്കുന്നത്, ആർക്കാണ് സഹായം ലഭിക്കുന്നത്, സാമ്പത്തിക കാര്യങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നുണ്ടോ തുടങ്ങിയ വിവരങ്ങൾ ACNC രജിസ്റ്ററിൽ ലഭ്യമാണ്. ഓസ്‌ട്രേലിയ നിരോധിച്ചിട്ടുള്ള വിദ്വേഷ ഗ്രൂപ്പുകൾക്കോ (Prohibited hate groups) തീവ്രവാദ സംഘടനകൾക്കോ അല്ല പണം പോകുന്നതെന്ന് ഉറപ്പുവരുത്തുക.
അധികൃതരുടെ മുന്നറിയിപ്പ്
ആളുകളുടെ സന്മനസ്സിനെ ചൂഷണം ചെയ്ത് പണം തട്ടുന്ന ഇത്തരം സംഘങ്ങളെ കരുതിയിരിക്കണമെന്ന് AFP അസിസ്റ്റന്റ് കമ്മീഷണർ സ്റ്റീഫൻ നട്ട് (Stephen Nutt) മുന്നറിയിപ്പ് നൽകി. ഈ തട്ടിപ്പ് പുതിയ കാര്യമല്ലെന്നും, തീവ്രവാദ സംഘടനകൾ തങ്ങൾക്ക് എങ്ങനെ പണം ലഭിക്കുന്നു എന്നതോ സാധാരണക്കാരുടെ നല്ല മനസ്സിനെ ചൂഷണം ചെയ്യുന്നതോ കാര്യമാക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംശയാസ്പദമായ പണമിടപാടുകൾ കണ്ടെത്തുന്നതിനും വിദേശത്തുള്ള തീവ്രവാദ സംഘടനകളിലേക്ക് പണം എത്തുന്നത് തടയുന്നതിനുമായി ഓസ്‌ട്രേലിയൻ ട്രാൻസാക്ഷൻ റിപ്പോർട്ട്സ് ആൻഡ് അനാലിസിസ് സെന്റർ (AUSTRAC) കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി സിഇഒ ഡോ. ജോൺ മോസ് (Dr. John Moss) അറിയിച്ചു.
സംശയം തോന്നിയാൽ എന്തുചെയ്യണം?
സംഭാവന ചോദിച്ചെത്തുന്ന ഏതെങ്കിലും ചാരിറ്റി അല്ലെങ്കിൽ മാനുഷിക സംഘടന വ്യാജമാണെന്ന് സംശയം തോന്നിയാൽ ഉടൻ തന്നെ നാഷണൽ സെക്യൂരിറ്റി ഹോട്ട്‌ലൈനിൽ (National Security Hotline) 1800 123 400 എന്ന നമ്പറിൽ ബന്ധപ്പെടുക.