ഗൾഫിലെ സംഘർഷം : കുതിച്ചുയർന്ന് ആഗോള എണ്ണവില; ഓസ്‌ട്രേലിയയിലും പെട്രോൾ വില ഉയരുന്നു
യു.എസ് താവളങ്ങൾക്ക് നേരെയുള്ള ഇറാന്റെ ആക്രമണം യുഎഇ, ഖത്തർ, ബഹ്റൈൻ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിൽ കടുത്ത അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ട്. ഇതേതുടർന്ന് ആഗോള എണ്ണവില കുതിച്ചുയർന്നു.
സുരക്ഷാ ഭീഷണിയെ തുടർന്ന് പ്രതിദിനം 21 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ കടന്നുപോകുന്ന ഹോർമൂസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകൾ വഴിതിരിച്ചുവിട്ടു. ഇതോടെ ആഗോള വിപണിയിൽ എണ്ണവില 8 മുതൽ 12 ശതമാനം വരെ കുതിച്ചുയർന്നു.
ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 92 ഡോളറിന് മുകളിലെത്തിയിരിക്കുകയാണ്. ഇറക്കുമതിയെ ആശ്രയിക്കുന്ന ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വരും ദിവസങ്ങളിൽ പെട്രോൾ വിലയിൽ വലിയ വർദ്ധനവുണ്ടാകാൻ ഇത് കാരണമാകും.
ഈ സാഹചര്യത്തിലും ഇറാനിലെ ബോംബിങ് ഈ ആഴ്ച മുഴുവനോ ആവശ്യമെങ്കിൽ അതിനപ്പുറമോ തടസ്സമില്ലാതെ തുടരുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയത്. ഭരണകൂടത്തിന്റെ ഈ ദുർബലാവസ്ഥ മുതലെടുത്ത് ഭരണമാറ്റം നടപ്പിലാക്കാൻ അദ്ദേഹം ഇറാനിയൻ ജനതയോട് ആഹ്വാനം ചെയ്തു.
ഓസ്ട്രേലിയയുടെ കടുത്ത നടപടികളും യാത്രാ മുന്നറിയിപ്പും
യുദ്ധസമാനമായ സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ ഇറാൻ, ഇസ്രായേൽ, ലെബനൻ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രാ മുന്നറിയിപ്പ് ഓസ്ട്രേലിയ ഏറ്റവും ഉയർന്ന തലത്തിലേക്ക് (“Do Not Travel”) ഉയർത്തി. ഇറാനിലുള്ള പൗരന്മാർ സുരക്ഷിതരാണെങ്കിൽ ഉടൻ തന്നെ അവിടെനിന്നും മടങ്ങണമെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ഫോറിൻ അഫയേഴ്സ് ആൻഡ് ട്രേഡ് (DFAT) കർശന നിർദേശം നൽകി.
അടിയന്തര സഹായത്തിന്: ഓസ്ട്രേലിയൻ പൗരന്മാർക്ക് ക്രൈസിസ് സെന്ററുമായി ബന്ധപ്പെടാം. (ഓസ്ട്രേലിയയിൽ നിന്ന്: 1300 555 135, വിദേശത്തുനിന്ന്: +61 2 6261 3305). ഖമേനിയുടെ മരണം ഒട്ടും ദുഃഖിക്കേണ്ട കാര്യമല്ലെന്നും, ഓസ്ട്രേലിയ ഇറാനിയൻ ജനതയുടെ പോരാട്ടങ്ങൾക്കൊപ്പം എക്കാലവും നിലകൊള്ളുമെന്നും പ്രധാനമന്ത്രി ആന്തണി അൽബനീസ് ആവർത്തിച്ചു.
അതെസമയം , അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമ-നാവിക ആക്രമണങ്ങളിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി (86) കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം. ഫെബ്രുവരി 28-ന് ആരംഭിച്ച ആക്രമണങ്ങളുടെ തുടർച്ചയായി, മാർച്ച് 1-ന് ഇറാന്റെ മിസൈൽ കേന്ദ്രങ്ങളിലും വ്യോമപ്രതിരോധ സംവിധാനങ്ങളിലും ഇസ്രായേൽ കൂടുതൽ ആക്രമണങ്ങൾ നടത്തിയതിന് പിന്നാലെയാണ് ഇസ്രായേൽ പ്രതിരോധ സേനയും (IDF) വൈറ്റ് ഹൗസും ഖമേനിയുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഈ പ്രഖ്യാപനത്തിന് പിന്നാലെ, ഇസ്രായേലിന്റെ വിവിധ ഭാഗങ്ങളിലേക്കും ഗൾഫ് രാജ്യങ്ങളിലെ യു.എസ് സൈനിക താവളങ്ങളിലേക്കും ഇറാൻ വൻതോതിൽ മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചു. ബഹ്‌റൈനിലെ യു.എസ് നാവിക താവളത്തിൽ പതിച്ച ഒരു മിസൈൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഭൂരിഭാഗം മിസൈലുകളും യു.എസ് സൈന്യം തകർത്തെങ്കിലും, ഈ സംഘർഷം പശ്ചിമേഷ്യയിലെ അധികാര സന്തുലനത്തെയും ആഗോള ഊർജ്ജ വിപണിയെയും ഗുരുതരമായി ബാധിക്കാൻ തുടങ്ങിയിരിക്കുകയാണ്.