ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവർക്ക് സന്തോഷവാർത്ത
കാൻബെറ: ഇലക്ട്രിക് വാഹനങ്ങൾ (EV) വാങ്ങാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്കും ചെറുകിട ബിസിനസുകാർക്കും ആശ്വാസമേകുന്ന പുതിയ പ്രഖ്യാപനവുമായി ഓസ്ട്രേലിയൻ സർക്കാർ. വാഹന വായ്പകളുടെ പലിശ നിരക്ക് കുറയ്ക്കുന്നതിനായി ക്ലീൻ എനർജി ഫിനാൻസ് കോർപ്പറേഷൻ (CEFC), ഹ്യുണ്ടായ് ക്യാപിറ്റൽ ഓസ്ട്രേലിയയുമായി (HCAU) ചേർന്ന് 60 മില്യൺ ഡോളറിന്റെ പുതിയ പദ്ധതിക്ക് രൂപം നൽകി.
ഹ്യുണ്ടായ്, കിയ (Kia) എന്നിവയുടെ പുതിയ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ആഡംബര കാർ നികുതി (Luxury Car Tax) പരിധിക്ക് താഴെ വിലയുള്ള വാഹനങ്ങൾക്കാണ് ഇളവ് ബാധകമാവുക.
പദ്ധതിയുടെ പ്രധാന സവിശേഷതകൾ:
യോഗ്യരായ ഉപഭോക്താക്കൾക്ക് വാഹന വായ്പയിൽ 0.5 ശതമാനം മുതൽ 1.0 ശതമാനം വരെ പലിശ ഇളവ് ലഭിക്കും.
ഉദാഹരണത്തിന്, 70,000 ഡോളർ വായ്പ എടുക്കുന്ന ഒരാൾക്ക് അഞ്ച് വർഷത്തെ കാലാവധിയിൽ 1.0 ശതമാനം പലിശ ഇളവ് ലഭിച്ചാൽ, ഏകദേശം 1,900 ഡോളറിലധികം (ഏകദേശം 1.5 ലക്ഷം രൂപ) ലാഭിക്കാൻ സാധിക്കും.
ഇലക്ട്രിക് വാഹനങ്ങളുടെ പ്രാരംഭ ചെലവ് കുറയ്ക്കാനും, മലിനീകരണം കുറഞ്ഞ ഗതാഗത സംവിധാനത്തിലേക്ക് മാറാൻ കുടുംബങ്ങളെയും ചെറുകിട ബിസിനസുകളെയും സഹായിക്കാനുമാണ് ആൽബനീസ് സർക്കാർ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
വാഹന ഉടമകൾക്ക് കൂടുതൽ ചോയ്സുകൾ നൽകാനാണ് ഈ നീക്കമെന്ന് കാലാവസ്ഥാ വ്യതിയാന, ഊർജ മന്ത്രി ക്രിസ് ബോവൻ പറഞ്ഞു. “ഇലക്ട്രിക് വാഹനങ്ങൾ സ്വന്തമാക്കുന്നതിലെ സാമ്പത്തിക തടസ്സങ്ങൾ നീക്കാൻ CEFC-യുടെ ഈ നിക്ഷേപം സഹായിക്കും. ഗതാഗത മേഖലയിൽ നിന്നുള്ള മലിനീകരണം കുറയ്ക്കാനും ജനങ്ങളുടെ പണം ലാഭിക്കാനും ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം അനിവാര്യമാണ്,” മന്ത്രി കൂട്ടിച്ചേർത്തു.
ഓസ്ട്രേലിയയിൽ ഇലക്ട്രിക് വാഹനങ്ങളുടെ പ്രചാരം റെക്കോർഡ് വേഗത്തിലാണ് വർധിക്കുന്നത്. 2025-ൽ മാത്രം 1,56,000 പുതിയ ഇലക്ട്രിക് വാഹനങ്ങളാണ് നിരത്തിലിറങ്ങിയത്. 2025 ഡിസംബറിലെ കണക്കുകൾ പ്രകാരം വിപണി വിഹിതം 16.7 ശതമാനമായി ഉയർന്നിട്ടുണ്ട്.