സൗത്ത് ഓസ്ട്രേലിയയിൽ കാട്ടുതീ അതീവ ഗുരുതരം
അഡ്ലെയ്ഡ്: സൗത്ത് ഓസ്ട്രേലിയയിലെ ഫ്ലൂറിയോ പെനിൻസുലയിൽ പടരുന്ന കാട്ടുതീ നിയന്ത്രണാതീതമായതോടെ ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി. ഇന്ന് വൈകുന്നേരം 6:45-ഓടെയാണ് കൺട്രി ഫയർ സർവീസ് (CFS) ഏറ്റവും പുതിയ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
ഡീപ് ക്രീക്ക് (Deep Creek), സിൽവർട്ടൺ (Silverton), ബ്ലോഹോൾ ബീച്ച് റോഡ്, കേപ് ജെർവിസ് (Cape Jervis) എന്നീ പ്രദേശങ്ങളിൽ ഉള്ളവർക്കാണ് മുന്നറിയിപ്പ്.
ഈ പ്രദേശങ്ങളിൽ ഉള്ളവർക്ക് ഇനി സ്ഥലം വിട്ടുപോകാൻ കഴിയില്ല (“Too late to leave”). റോഡുകൾ തീയും പുകയും മൂലം അപകടകരമായ അവസ്ഥയിലാണ്. വാഹനത്തിലോ നടന്നുപോയോ രക്ഷപ്പെടാൻ ശ്രമിക്കുന്നത് ജീവന് ഭീഷണിയാണെന്ന് അധികൃതർ അറിയിച്ചു. തീയുടെ ചൂട് (Radiant heat) നേരിട്ട് ഏൽക്കാതിരിക്കാൻ ബലമുള്ള കെട്ടിടങ്ങൾക്കുള്ളിൽ അഭയം തേടാനാണ് നിർദ്ദേശം.
ദുർഘടമായ ഭൂപ്രകൃതിയും പല ദിശകളിൽ നിന്നും വീശുന്ന കാറ്റും തീയണയ്ക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയാകുന്നുണ്ട്. 250-ലധികം അഗ്നിശമന സേനാംഗങ്ങളും, രണ്ട് ‘ബ്ലാക്ക് ഹോക്ക്’ ഹെലികോപ്റ്ററുകൾ ഉൾപ്പെടെ 12 വിമാനങ്ങളും തീയണയ്ക്കാൻ രംഗത്തുണ്ട്. ഞായറാഴ്ച ഡീപ് ക്രീക്ക് കൺസർവേഷൻ പാർക്കിൽ തുടങ്ങിയ തീ ഇതിനകം 960 ഹെക്ടറിലധികം സ്ഥലം കത്തിച്ചു ചാമ്പലാക്കി.
മെയിൻ സൗത്ത് റോഡിൽ (Main South Road) കോൾ റോഡ് മുതൽ കേപ് ജെർവിസ് വരെയുള്ള ഭാഗം അടച്ചു. കങ്കാരു ഐലൻഡിലേക്കുള്ള സീലിങ്ക് (SeaLink) ഫെറി സർവീസുകൾ ചൊവ്വാഴ്ച തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
തീപിടുത്തത്തെത്തുടർന്നുണ്ടായ പുക കങ്കാരു ഐലൻഡ്, യോർക്ക് പെനിൻസുല എന്നിവിടങ്ങളിലേക്ക് വ്യാപിക്കുന്നുണ്ട്. ശ്വാസകോശ, ഹൃദയ സംബന്ധമായ അസുഖമുള്ളവർ ജനലുകൾ അടച്ചിട്ട് വീടിനുള്ളിൽ തന്നെ കഴിയണം.
ഈ പ്രദേശത്ത് ഡ്രോണുകൾ പറത്തുന്നത് അഗ്നിശമന വിമാനങ്ങൾക്ക് ഭീഷണിയായതിനാൽ കർശനമായി നിരോധിച്ചിരിക്കുന്നു.