അർബുദത്തെ തോൽപ്പിച്ച് ഡെപ്യൂട്ടി പ്രീമിയർ ‘പ്രൂ കാർ’ നാളെ ചുമതലയേൽക്കും
Photo : Facebook
സിഡ്‌നി: കാൻസർ ചികിത്സയ്ക്കായി നീണ്ട അവധിയെടുത്തിരുന്ന ന്യൂ സൗത്ത് വെയിൽസ് (NSW) ഡെപ്യൂട്ടി പ്രീമിയർ പ്രൂ കാർ നാളെ ജോലിയിൽ തിരികെ പ്രവേശിക്കും. സ്തനാർബുദ ബാധയെത്തുടർന്ന് കഴിഞ്ഞ ജൂൺ മാസം മുതലായിരുന്നു ഇവർ ഔദ്യോഗിക തിരക്കുകളിൽ നിന്നും മാറിനിന്നത്.
ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് താൻ തിരിച്ചെത്തുന്ന വിവരം പ്രൂ കാർ അറിയിച്ചത്. പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിനൊപ്പം തന്നെ, സംസ്ഥാന വിദ്യാഭ്യാസ മന്ത്രി കൂടിയായ കാർ ജോലിയിൽ തിരികെ പ്രവേശിക്കുന്നത് സർക്കാരിന് ആശ്വാസമാണ്. ഇത് രണ്ടാം തവണയാണ് പ്രൂ കാർ അർബുദത്തെ അതിജീവിക്കുന്നത്; നേരത്തെ 2022-ൽ ഇവർ വൃക്കയിലെ കാൻസറിന് ചികിത്സ തേടിയിരുന്നു.
ഏഴ് മാസത്തോളം നീണ്ട ചികിത്സാ കാലയളവിൽ കൂടെനിന്ന സിഡ്‌നി ക്രിസ് ഓബ്രിയൻ ലൈഫ്ഹൗസിലെ മെഡിക്കൽ സംഘത്തിനും, ഭർത്താവ് ബ്രാഡിനും, സഹപ്രവർത്തകർക്കും അവർ നന്ദി അറിയിച്ചു. തന്റെ അഭാവത്തിൽ വകുപ്പുകൾ കൈകാര്യം ചെയ്ത കോർട്ട്‌നി ഹൗസോസിനെയും, പൂർണ്ണ പിന്തുണ നൽകിയ പ്രീമിയർ ക്രിസ് മിൻസിനെയും അവർ പ്രത്യേകം സ്മരിച്ചു. രോഗം തന്നെ വ്യക്തിപരമായി മാറ്റിയെന്നും, എന്നാൽ ജനങ്ങളെ സേവിക്കാനുള്ള തന്റെ പ്രതിബദ്ധതയ്ക്ക് ഒട്ടും മാറ്റമില്ലെന്നും പ്രൂ കാർ വ്യക്തമാക്കി.