ഓസ്ട്രേലിയയിലേക്കുള്ള വിദ്യാർത്ഥി വിസകളും കുടിയേറ്റ സംവിധാനവും; പുതിയൊരു ഇമിഗ്രേഷൻ നയം ഉടൻ: പ്രതിപക്ഷം

ഓസ്ട്രേലിയയിലേക്കുള്ള വിദ്യാർത്ഥി വിസകളും കുടിയേറ്റ സംവിധാനവുമായി ബന്ധപ്പെട്ട പുതിയൊരു ഇമിഗ്രേഷൻ നയം തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അത് ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നും ഓസ്ട്രേലിയൻ പ്രതിപക്ഷ ഹോം അഫയേഴ്സ് ആൻഡ് ഇമിഗ്രേഷൻ മന്ത്രി ജോനോ ഡുനിയം. സ്കൈ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ സർക്കാരിന്റെ സുരക്ഷാ-കുടിയേറ്റ നയങ്ങൾക്കെതിരെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

കുടിയേറ്റക്കാരുടെ എണ്ണം വർദ്ധിക്കുന്നത് മാത്രമല്ല പ്രശ്നം, വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നതും പഠനമെന്ന വ്യാജേന വന്ന് മറ്റ് കാര്യങ്ങളിൽ ഏർപ്പെടുന്നതുമാണ് പ്രധാന വെല്ലുവിളി.
വിദ്യാർത്ഥി വിസകളുമായി ബന്ധപ്പെട്ട് അഡ്മിനിസ്ട്രേറ്റീവ് റിവ്യൂ ട്രിബ്യൂണലിൽ (Administrative Review Tribunal) എത്തുന്ന കേസുകൾ 2,000-ൽ നിന്ന് 40,000 ആയി കുതിച്ചുയർന്നത് നിലവിലെ സിസ്റ്റത്തിന്റെ പോരായ്മയെ സൂചിപ്പിക്കുന്നു.

രാജ്യത്തിന്റെ തൊഴിൽ ആവശ്യങ്ങൾക്കും മൂല്യങ്ങൾക്കും അനുസൃതമായ ഒരു ഇമിഗ്രേഷൻ സംവിധാനമാണ് ഓസ്ട്രേലിയയ്ക്ക് വേണ്ടത്.
ഉന്നത വിദ്യാഭ്യാസ മേഖല ഓസ്ട്രേലിയയുടെ നാലാമത്തെ വലിയ കയറ്റുമതി മേഖലയാണെന്ന് അംഗീകരിക്കുമ്പോൾ തന്നെ, ഈ വ്യവസായത്തെ തകർക്കാത്ത രീതിയിൽ, എന്നാൽ സുസ്ഥിരമായി കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐസിസ് വധുക്കൾക്ക് പാസ്പോർട്ട് നൽകുന്നതിലെ എതിർപ്പ്
‘പാസ്പോർട്ട് ആക്ട് 2005’ പ്രകാരം രാജ്യസുരക്ഷയ്ക്ക് ഭീഷണിയായവർക്ക് പാസ്പോർട്ട് നിഷേധിക്കാൻ സർക്കാരിന് പൂർണ്ണ അധികാരമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഐസിസിനെ പിന്തുണച്ച് സിറിയയിലേക്ക് പോയവർ ഓസ്ട്രേലിയയ്ക്ക് ഭീഷണിയാണെങ്കിൽ അവർക്ക് പാസ്പോർട്ട് നൽകരുത്.

തിരിച്ചെത്തുന്നവരിൽ ഒരു വ്യക്തിക്ക് മാത്രം താൽക്കാലിക യാത്രാവിലക്ക് (Temporary Exclusion Order) ഏർപ്പെടുത്തുകയും, സമാന പശ്ചാത്തലമുള്ള മറ്റുള്ളവർക്ക് അത് നൽകാതിരിക്കുകയും ചെയ്യുന്നതിലെ യുക്തി ഡുനിയം ചോദ്യം ചെയ്തു.
നിലവിലെ നിയമങ്ങൾ അപര്യാപ്തമാണെന്നാണ് മന്ത്രിയുടെ വാദമെങ്കിൽ, രാജ്യസുരക്ഷയ്ക്കായി ആ നിയമങ്ങൾ കർശനമാക്കാൻ പ്രതിപക്ഷം പൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
