വിമാനത്തിന്റെ വാലിൽ കുടുങ്ങി സ്കൈ ഡൈവർ; 15,000 അടി ഉയരത്തിൽ നിന്ന് രക്ഷപ്പെട്ടത് അത്ഭുതകരമായി
കെയിൻസ്: വിമാനത്തിൽ നിന്ന് ചാടുന്നതിനിടെ പാരച്യൂട്ട് വിമാനത്തിന്റെ വാലിൽ കുടുങ്ങി അപകടത്തിൽപ്പെട്ട സ്കൈ ഡൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. വടക്കൻ ക്യൂൻസ്ലാൻഡിലെ ടള്ളി വിമാനത്താവളത്തിന് (Tully Airport) സമീപമാണ് സംഭവം.
സെപ്റ്റംബർ 20-ന് 17 സ്കൈ ഡൈവർമാരുമായി പറന്നുയർന്ന വിമാനത്തിൽ നിന്നാണ് അപകടമുണ്ടായത്. വിമാനത്തിന്റെ വാതിലിനടുത്തെത്തിയ ആദ്യത്തെയാളുടെ റിസർവ് പാരച്യൂട്ട് അബദ്ധത്തിൽ തുറക്കുകയും, ഇയാൾ പുറത്തേക്ക് തെറിച്ചു വീഴുകയുമായിരുന്നു. പാരച്യൂട്ട് വിമാനത്തിന്റെ വാലിൽ (tail) കുടുങ്ങിയതോടെ ഇയാൾ 15,000 അടി ഉയരത്തിൽ തൂങ്ങിക്കിടക്കുന്ന അവസ്ഥയിലായി.
സമയോചിതമായ ഇടപെടലിലൂടെ ഇയാൾ കൈവശമുണ്ടായിരുന്ന കത്തി (hook knife) ഉപയോഗിച്ച് പാരച്യൂട്ടിന്റെ വള്ളികൾ മുറിച്ചുമാറ്റി വിമാനത്തിൽ നിന്ന് സ്വയം വേർപെട്ടു. തുടർന്ന് താഴേക്ക് വീഴുന്നതിനിടെ പ്രധാന പാരച്യൂട്ട് തുറന്നെങ്കിലും അതും കുരുങ്ങി. എങ്കിലും, വള്ളികൾ വേർപെടുത്തി സുരക്ഷിതമായി നിലത്തിറങ്ങാൻ ഇയാൾക്ക് സാധിച്ചു. നിസ്സാര പരിക്കുകളോടെയാണ് ഇയാൾ രക്ഷപ്പെട്ടത്.
വിമാനത്തിന്റെ വാലിന് തകരാർ സംഭവിച്ചെങ്കിലും പൈലറ്റ് വിമാനം സുരക്ഷിതമായി നിലത്തിറക്കി. ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ ‘ഹുക്ക് നൈഫ്’ (hook knife) കൈവശം വെക്കുന്നത് ജീവൻ രക്ഷിക്കാൻ സഹായിക്കുമെന്ന് ഓസ്ട്രേലിയൻ ട്രാൻസ്പോർട്ട് സേഫ്റ്റി ബ്യൂറോ (ATSB) അഭിപ്രായപ്പെട്ടു.
Photo Credit: ATBS
