നിയന്ത്രണം വിട്ട മാലിന്യ ട്രക്ക് വീടിനുള്ളിലേക്ക് ഇടിച്ചുകയറി; പിഞ്ചുകുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു
സിഡ്നി: സിഡ്നിയിലെ ഗ്രേസ്റ്റാന്സിൽ നിയന്ത്രണം വിട്ട മാലിന്യ ട്രക്ക് (Garbage truck) വീടിനുള്ളിലേക്ക് ഇടിച്ചുകയറി വൻ അപകടം. വീടിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നെങ്കിലും, കിടപ്പുമുറിയിലുണ്ടായിരുന്ന പിഞ്ചുകുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്ന് രാവിലെ 7.30-ഓടെയാണ് ജെഫ്രി അവന്യൂവിൽ അപകടമുണ്ടായത്. നിയന്ത്രണം വിട്ട് ഉരുണ്ടുനീങ്ങിയ ട്രക്കിന് പിന്നാലെ ജീവനക്കാരൻ ഓടിയെങ്കിലും അപകടം ഒഴിവാക്കാനായില്ല. ബന്ധുക്കൾ നോക്കിനിൽക്കെ ട്രക്ക് വീടിന്റെ മുൻഭാഗത്തേക്ക് ഇടിച്ചുകയറുകയായിരുന്നു.
ട്രക്ക് ഇടിച്ചുകയറിയ മുറിയിലാണ് സാധാരണയായി ഒരു വയസ്സുകാരിയായ ജിസൈൽ (Giselle) ഉറങ്ങാറുള്ളത്. എന്നാൽ അപകടം നടക്കുമ്പോൾ കുട്ടി അമ്മയ്ക്കൊപ്പം വീടിന്റെ മറ്റൊരു ഭാഗത്തായിരുന്നതിനാലാണ് വൻ ദുരന്തം ഒഴിവായതെന്ന് പിതാവ് ബ്രൈസ് എൽകോക്ക് പറഞ്ഞതായി 7 ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
അപകടം എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
Photo credit: 7 News
