പോലീസ് സ്റ്റേഷന് മുന്നിലെ കാറിൽ കണ്ടെത്തിയ മൃതദേഹം മുൻ കൗൺസിലറുടേത് ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
സിഡ്നി: ന്യൂ സൗത്ത് വെയിൽസിലെ ലേക് ഇല്ലവാര പോലീസ് സ്റ്റേഷന് പുറത്ത് നിർത്തിയിട്ട കാറിൽ കണ്ടെത്തിയ മൃതദേഹം മുൻ ക്വീൻസ്ലാൻഡ് കൗൺസിലറും മാധ്യമപ്രവർത്തകയുമായ കിർസ്റ്റൺ മൊറിയാർട്ടി (48) യുടേതാണെന്നു തിരിച്ചറിഞ്ഞു.
വെള്ളിയാഴ്ച വൈകുന്നേരം 4.30-ഓടെ പോലീസ് സ്റ്റേഷന് പുറത്ത് പാർക്ക് ചെയ്തിരുന്ന നീല ടൊയോട്ട യാരിസ് കാറിലാണ് മൃതദേഹം കണ്ടെത്തിയത്. കഠിനമായ ചൂട് കാരണം മൃതദേഹം അഴുകിയ നിലയിലായിരുന്നു.
മൊറിയാർട്ടി കാറിലായിരുന്നു താമസിച്ചിരുന്നതെന്ന് പോലീസ് സംശയിക്കുന്നു. മൃതദേഹം കണ്ടെത്തുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, ചൊവ്വാഴ്ച ഇവർ പോലീസ് സ്റ്റേഷനിൽ എത്തി ഉദ്യോഗസ്ഥരോട് സംസാരിച്ചിരുന്നു. എന്നാൽ ഇവർ സഹായം അഭ്യർത്ഥിക്കാനാണോ അതോ പരാതി നൽകാനാണോ എത്തിയതെന്ന് വ്യക്തമല്ല.
2010-ൽ സ്കൈ ഡൈവിംഗിനിടെ 11,000 വോൾട്ട് വൈദ്യുതി ലൈനിൽ കുടുങ്ങി ഗുരുതരമായി പരിക്കേറ്റിട്ടും അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്ന വ്യക്തിയായിരുന്നു മൊറിയാർട്ടി. ഈ അനുഭവത്തെ ആസ്പദമാക്കി “ഫ്രം ഡാർക്ക് ഡേയ്സ് ടു ബ്ലൂ സ്കൈസ്” (From Dark Days to Blue Skies) എന്ന പുസ്തകവും ഇവർ എഴുതിയിട്ടുണ്ടെന്ന് 7 ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
സോമർസെറ്റ് ന്യൂസ്പേപ്പറിൽ മാധ്യമപ്രവർത്തകയായിരുന്ന ഇവർ, 2012 മുതൽ 2016 വരെ സോമർസെറ്റ് റീജിയണൽ കൗൺസിലറായും സേവനമനുഷ്ഠിച്ചു. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചിരുന്ന ധീരയായ വനിതയായാണ് സുഹൃത്തുക്കൾ ഇവരെ ഓർക്കുന്നത്.
മരണത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം (Critical incident investigation) ആരംഭിച്ചിട്ടുണ്ട്. പ്രൊഫഷണൽ സ്റ്റാൻഡേർഡ്സ് കമാൻഡിന്റെ മേൽനോട്ടത്തിലായിരിക്കും അന്വേഷണം നടക്കുക.
News source and photo credit: 7 News
