കാണാതായ വിദ്യാർത്ഥിക്കായി തിരച്ചിൽ നടത്തിയ തീരത്ത് മനുഷ്യശരീരഭാഗങ്ങൾ കണ്ടെത്തി

സിഡ്നി: ന്യൂ സൗത്ത് വെയിൽസ് തീരത്ത് കാണാതായ 18-കാരനായ വിദ്യാർത്ഥിക്ക് വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിച്ചതിന് പിന്നാലെ മനുഷ്യശരീരഭാഗങ്ങൾ കണ്ടെത്തി. സിഡ്നിയിലെ പ്രശസ്തമായ കിംഗ്സ് സ്കൂൾ (The King’s School) വിദ്യാർത്ഥിയായ ആസ്റ്റിൻ ഗെർസ്റ്റ്ലിനെ (Astin Gerstl) കഴിഞ്ഞ ഞായറാഴ്ചയാണ് കാണാതായത്.
സ്കൂൾ പഠനം പൂർത്തിയായതിന്റെ ആഘോഷങ്ങൾക്കായി (Schoolies) സുഹൃത്തുക്കൾക്കൊപ്പം എത്തിയതായിരുന്നു ആസ്റ്റിൻ. ഞായറാഴ്ച വൈകുന്നേരം അരകൂനിലെ (Arakoon) ലിറ്റിൽ ബേ ബീച്ചിൽ (Little Bay Beach) നീന്തുന്നതിനിടെ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ദിവസങ്ങളോളം തിരച്ചിൽ നടത്തിയിട്ടും ഫലമില്ലാത്തതിനെ തുടർന്ന് രക്ഷാപ്രവർത്തനം അവസാനിപ്പിച്ചിരുന്നു. ഇതിനിടയിലാണ് വെള്ളിയാഴ്ച രാവിലെ 7.30-ഓടെ ഇതേ ബീച്ചിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.
ഇത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം വന്നാൽ മാത്രമേ മൃതദേഹം ആസ്റ്റിന്റേതാണോ എന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാനാവൂ എന്ന് പോലീസ് അറിയിച്ചു. ലൈഫ് ഗാർഡുകളുടെ സേവനമില്ലാത്ത ഈ ബീച്ചിൽ നീന്തുന്നത് അപകടകരമാണെന്ന് അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്.
