ഇസ്രായേൽ പ്രസിഡന്റ് എത്തി; സിഡ്‌നിയിൽ അതീവ ജാഗ്രത: ആദരാഞ്ജലികൾക്കൊപ്പം പ്രതിഷേധവും ശക്തം
Photo credit : 9 News
സിഡ്‌നി: ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗിന്റെ സന്ദർശനത്തെത്തുടർന്ന് ഓസ്‌ട്രേലിയൻ നഗരമായ സിഡ്‌നി കനത്ത സുരക്ഷാ വലയത്തിൽ. നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് രാവിലെ അദ്ദേഹം സിഡ്‌നിയിൽ വിമാനമിറങ്ങിയതോടെ നഗരം അക്ഷരാർത്ഥത്തിൽ പോലീസ് നിയന്ത്രണത്തിലായിരിക്കുകയാണ്.
ബോണ്ടി ബീച്ചിലുണ്ടായ ആന്റിസെമിറ്റിക് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 15 പേർക്ക് ആദരാഞ്ജലി അർപ്പിക്കലാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. ആക്രമണത്തിൽ പരിക്കേറ്റവരെയും മരിച്ചവരുടെ കുടുംബാംഗങ്ങളെയും അദ്ദേഹം നേരിൽ കണ്ട് ആശ്വസിപ്പിക്കും. ജൂത സമൂഹത്തിന് ഈ സന്ദർശനം ആശ്വാസമാകുമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസ് അഭിപ്രായപ്പെട്ടു.
നഗരം കോട്ടയാക്കി പോലീസ് : ന്യൂ സൗത്ത് വെയിൽസ് പോലീസ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സുരക്ഷാ സന്നാഹങ്ങളിലൊന്നാണ് ഒരുക്കിയിരിക്കുന്നത്. മൂവായിരത്തിലധികം പോലീസ് ഉദ്യോഗസ്ഥരെയാണ് സിഡ്‌നി സിബിഡിയിലും പരിസരപ്രദേശങ്ങളിലും വിന്യസിച്ചിരിക്കുന്നത്. ന്യൂ ഇയർ ആഘോഷങ്ങൾക്ക് സമാനമായ രീതിയിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് അസിസ്റ്റന്റ് കമ്മീഷണർ പീറ്റർ മക്കെന്ന അറിയിച്ചു. സർക്കുലർ ക്വേ മുതൽ ബോണ്ടി ജംഗ്ഷൻ വരെയുള്ള പ്രധാന റോഡുകൾ അടച്ചിട്ടത് നഗരത്തിൽ ഗതാഗത കുരുക്കിനും കാരണമായിട്ടുണ്ട്.

പ്രതിഷേധം ആളിക്കത്തുന്നു: പ്രസിഡന്റിന്റെ സന്ദർശനത്തിനെതിരെ പ്രോ-പാലസ്തീൻ സംഘടനകൾ ശക്തമായ പ്രതിഷേധമാണ് ഉയർത്തുന്നത്. ഗാസയിലെ യുദ്ധക്കുറ്റങ്ങൾ ആരോപിച്ച് ഹെർസോഗിനെ അറസ്റ്റ് ചെയ്യണമെന്നും സന്ദർശനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധക്കാർ രംഗത്തുണ്ട്. സിഡ്‌നി ടൗൺ ഹാളിന് സമീപം ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന പ്രതിഷേധ റാലി നടക്കുമെന്നാണ് റിപ്പോർട്ടുകൾ. പ്രതിഷേധങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ പോലീസ് നടപടിക്കെതിരെ സംഘാടകർ കോടതിയെ സമീപിച്ചിട്ടുണ്ട്.
സിഡ്‌നിക്ക് പുറമെ മെൽബൺ, കാൻബറ എന്നിവിടങ്ങളിലും വരും ദിവസങ്ങളിൽ സമാനമായ പ്രതിഷേധങ്ങൾ അരങ്ങേറാൻ സാധ്യതയുണ്ടെന്നാണ് സൂചന. ക്രമസമാധാന നില തകരാതിരിക്കാൻ പോലീസ് അതീവ ജാഗ്രതയിലാണ്.
