നാലുവയസ്സുകാരന്റെ തിരോധാനം: മുത്തശ്ശി അറസ്റ്റിൽ; കേസിൽ വഴിത്തിരിവ്
യൂണ്ട (സൗത്ത് ഓസ്‌ട്രേലിയ): മാസങ്ങളായി ഓസ്‌ട്രേലിയൻ ജനതയുടെ നെഞ്ചുനീറ്റുന്ന നാലുവയസ്സുകാരൻ ഗസ് ലാമോണ്ടിന്റെ (Gus Lamont) തിരോധാനക്കേസിൽ നാടകീയമായ വഴിത്തിരിവ്. കുട്ടിയെ കാണാതായ ഓക്ക് പാർക്ക് സ്റ്റേഷനിലെ ഫാമിൽ നടന്ന വിശദമായ തിരച്ചിലിനിടെ കുട്ടിയുടെ 75-കാരിയായ മുത്തശ്ശിയെ (ജോസി മറേ) പോലീസ് അറസ്റ്റ് ചെയ്തു.
എന്നാൽ, കുട്ടിയുടെ തിരോധാനവുമായോ കൊലപാതകവുമായോ നേരിട്ട് ബന്ധമുള്ള കുറ്റങ്ങളല്ല ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. അനധികൃതമായി തോക്ക് കൈവശം വെച്ചതിനും സുരക്ഷാ നിയമലംഘനങ്ങൾക്കുമാണ് (Firearms offences) അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇന്ന് ഫാമിൽ നടന്ന റെയ്ഡിനിടെയാണ് ജോസി മറേ അറസ്റ്റിലായത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. മെയ് 6-ന് പീറ്റേഴ്സ്ബറോ മജിസ്ട്രേറ്റ് കോടതിയിൽ ഇവർ ഹാജരാകണം.
2025 സെപ്റ്റംബർ 27-ന് വൈകുന്നേരമാണ് വീടിന് പുറത്ത് മണൽക്കൂമ്പാരത്തിൽ കളിച്ചുകൊണ്ടിരുന്ന ഗസിനെ ദുരൂഹസാഹചര്യത്തിൽ കാണാതാകുന്നത്.
കുട്ടി വഴിതെറ്റിപ്പോയതാണെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ, ഫെബ്രുവരി 5-ഓടെ പോലീസ് ഇതൊരു ‘മേജർ ക്രൈം’ (Major Crime) ആയി പ്രഖ്യാപിച്ചു. കുട്ടിയെ ആരെങ്കിലും അപായപ്പെടുത്തിയതാകാം എന്ന നിഗമനത്തിലാണ് ഇപ്പോൾ അന്വേഷണം നീങ്ങുന്നത്.
സംശയമുനയിൽ ഉറ്റവർ:
‘ടാസ്‌ക് ഫോഴ്‌സ് ഹൊറൈസൺ’ എന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. പുറത്തുനിന്നുള്ള ആരും കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടില്ലെന്നും, ഫാമിൽ അന്ന് ഉണ്ടായിരുന്നവരിൽ ഒരാൾക്ക് കുട്ടിയുടെ തിരോധാനത്തിൽ പങ്കുണ്ടെന്നും പോലീസ് വിശ്വസിക്കുന്നു. എന്നാൽ കുട്ടിയുടെ മാതാപിതാക്കൾ സംശയനിഴലിലില്ല എന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
യൂണ്ടയിലെ ഫാമിൽ, വീടും വാഹനങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും കേന്ദ്രീകരിച്ച് ഫോറൻസിക് പരിശോധനകൾ തുടരുകയാണ്. ഗസിന്റെ മൃതദേഹമോ മറ്റ് നിർണ്ണായക തെളിവുകളോ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
ഒരു നാട് മുഴുവൻ പ്രാർത്ഥനയോടെ കാത്തിരുന്ന ഗസിന്റെ മടങ്ങിവരവ് അസാധ്യമാണെന്ന് പോലീസ് ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു. എങ്കിലും, സത്യം തെളിയുമെന്ന പ്രതീക്ഷയിലാണ് ഏവരും.

