വൃക്കരോഗികൾക്കും സോറിയാസിസ് ബാധിതർക്കും ആശ്വാസവാർത്ത; മരുന്നുകൾക്ക് ഇനി തുച്ഛമായ വില മാത്രം
കാൻബറ: ഓസ്ട്രേലിയയിലെ വൃക്കരോഗികൾക്കും സോറിയാസിസ് (Psoriasis) ബാധിതർക്കും വലിയ ആശ്വാസമേകി ആൽബനീസ് സർക്കാരിന്റെ പുതിയ പ്രഖ്യാപനം. ഈ രോഗങ്ങൾക്കുള്ള പ്രധാന മരുന്നുകൾ ഫാർമസ്യൂട്ടിക്കൽ ബെനിഫിറ്റ് സ്‌കീമിൽ (PBS) ഉൾപ്പെടുത്തിയതോടെ, ഭീമമായ തുക നൽകി മരുന്ന് വാങ്ങിയിരുന്നവർക്ക് ഇനി മുതൽ വളരെ കുറഞ്ഞ നിരക്കിൽ ചികിത്സ ലഭ്യമാകും.

വൃക്കരോഗ ചികിത്സയ്ക്ക് (Chronic Kidney Disease):
ഡപാഗ്ലിഫ്ലോസിൻ (ഫോർക്സിഗ® – Forxiga®) എന്ന മരുന്നിന്റെ ലഭ്യതയാണ് വിപുലീകരിച്ചത്. വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും രോഗം മൂർച്ഛിക്കുന്നത് തടയാനും ഈ മരുന്ന് സഹായിക്കും. പ്രതിവർഷം ഏകദേശം 65,000 ഓസ്‌ട്രേലിയക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സബ്‌സിഡി ഇല്ലാതെ ഒരു സ്‌ക്രിപ്റ്റിന് 670 ഡോളറിലധികം വിലയുണ്ടായിരുന്ന മരുന്ന്, ഇനിമുതൽ പരമാവധി 25 ഡോളറിന് ലഭിക്കും.

സോറിയാസിസ് ചികിത്സയ്ക്ക് (Psoriasis):
കാൽസിപോട്രിയോൾ, ബീറ്റാമെതസോൺ ഡിപ്രോപ്പിയോണേറ്റ് എന്നിവ അടങ്ങിയ ‘വിൻസോറ’ (Wynzora®) എന്ന മരുന്ന് ആദ്യമായി PBS-ൽ ലിസ്റ്റ് ചെയ്തു. ചർമ്മത്തിൽ ചുവന്ന പാടുകളും ചൊറിച്ചിലും ഉണ്ടാക്കുന്ന ‘പ്ലേക് സോറിയാസിസ്’ ചികിത്സിക്കാൻ ഇത് സഹായിക്കും. ഏകദേശം 65 ഡോളർ വിലയുണ്ടായിരുന്ന മരുന്നും ഇനി 25 ഡോളറിന് ലഭിക്കും.
കൺസഷൻ കാർഡുള്ളവർക്ക്: മുകളിൽ പറഞ്ഞ രണ്ട് മരുന്നുകളും കൺസഷൻ കാർഡ് കൈവശമുള്ളവർക്ക് വെറും 7.70 ഡോളറിന് ലഭ്യമാകും.
ഈ തീരുമാനം രോഗികളുടെ ജീവിതം മാറ്റിമറിക്കുന്നതാണെന്ന് ആരോഗ്യമന്ത്രി മാർക്ക് ബട്ട്ലർ അഭിപ്രായപ്പെട്ടു. “മാരകമായേക്കാവുന്ന രോഗങ്ങളുമായി മല്ലിടുന്നവർക്ക് താങ്ങാവുന്ന നിരക്കിൽ മരുന്ന് എത്തിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. പിബിഎസ് സഹായമില്ലായിരുന്നെങ്കിൽ ആയിരക്കണക്കിന് ഡോളർ ചെലവാകേണ്ട സ്ഥാനത്താണ് ഈ മാറ്റം കൊണ്ടുവന്നിരിക്കുന്നത്,” അദ്ദേഹം പറഞ്ഞു.
2022 ജൂലൈ മുതൽ ഇതുവരെ 399 മരുന്നുകൾക്കാണ് സർക്കാർ ഇത്തരത്തിൽ അധിക ഫണ്ടിംഗ് അനുവദിച്ചിട്ടുള്ളത്.
