വിസ്കി കടത്താൻ ശ്രമം: രണ്ട് ഇന്ത്യക്കാരുടെ വിസ റദ്ദാക്കി; 29,800 ഡോളർ പിഴയും

Photo : ABF
സിഡ്നി: ബിയർ ബോക്സുകൾക്കുള്ളിൽ വിസ്കി ഒളിപ്പിച്ച് ഓസ്ട്രേലിയയിലേക്ക് കടത്താൻ ശ്രമിച്ച രണ്ട് ഇന്ത്യൻ പൗരന്മാർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയൻ ബോർഡർ ഫോഴ്സ് (ABF). സംഭവത്തിൽ ഉൾപ്പെട്ടവർക്ക് മൊത്തം 29,800 ഡോളർ പിഴ ചുമത്തുകയും ഇരുവരുടെയും വിസകൾ റദ്ദാക്കുകയും ചെയ്തു.
സിഡ്നിയിൽ എത്തിയ സീ കാർഗോ കണ്ടെയ്നറിലാണ് ഡിക്ലയർ ചെയ്യാത്ത വിസ്കി ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ബിയർ ബോക്സുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ.

സംഭവം ഇങ്ങനെ:
2025 ജൂലൈ 8: എബിഎഫ് ഉദ്യോഗസ്ഥർ വാറണ്ടുമായി എത്തി ചരക്ക് പിടിച്ചെടുത്തു. ഇതിനിടെ, പിടിക്കപ്പെടുമെന്നായപ്പോൾ വിസ്കി മാറ്റി പകരം ബിയർ വയ്ക്കാൻ പ്രതികൾ വെയർഹൗസ് മാനേജരോട് ആവശ്യപ്പെട്ടതായും അന്വേഷണത്തിൽ കണ്ടെത്തി.
2025 ഓഗസ്റ്റ് 20: കേസിൽ കൂടുതൽ വാറണ്ടുകൾ പുറപ്പെടുവിച്ചു.
2025 ഒക്ടോബർ 7: അന്വേഷണത്തിനൊടുവിൽ ഇരുവരുടെയും വിസകൾ (ഒരു സ്റ്റുഡന്റ് വിസയും ഒരു ടൂറിസ്റ്റ് വിസയും) റദ്ദാക്കി.
ഇരുവരും നിലവിൽ ഓസ്ട്രേലിയയിൽ ഇല്ലെന്ന് അധികൃതർ അറിയിച്ചു.

എബിഎഫ് സൂപ്പർഇൻറൻഡന്റ് മെൽ സ്റ്റുവാർട്ട് ഈ സംഭവത്തെക്കുറിച്ച് പ്രതികരിച്ചത് ഇങ്ങനെ: “ഇത്തരം മിസ്ഡിക്ലറേഷനുകൾക്ക് കനത്ത പിഴയും മറ്റ് ശിക്ഷകളും ഉണ്ടെന്ന സന്ദേശമാണ് ഈ നടപടി ഉറപ്പിക്കുന്നത്. നിയമവിരുദ്ധമായി മദ്യം ഇറക്കുമതി ചെയ്യാൻ ശ്രമിക്കുന്നത് ഓസ്ട്രേലിയൻ ബിസിനസുകളുടെ നിയമാനുസൃത വ്യാപാരത്തെയും സത്യസന്ധരായ നികുതിദായകരുടെ സംവിധാനങ്ങളെയും ദുർബലപ്പെടുത്തുന്നു. ഞങ്ങളുടെ ഉദ്യോഗസ്ഥർ ദിവസവും അത്യാധുനിക ടാർഗറ്റിങ് ടെക്നിക്കുകളും ഇന്റലിജൻസ് അടിസ്ഥാനമാക്കിയ പരിശോധനകളും ഉപയോഗിച്ച് ഇത്തരം കുറ്റവാളികളെ പിടികൂടാൻ ശ്രമിക്കുന്നു.”

ഓസ്ട്രേലിയയിലെ ബോർഡർ നിയമങ്ങൾ അത്യന്തം കർശനമാണ്. ഇറക്കുമതി ചെയ്യുന്ന എല്ലാ സാധനങ്ങളും പരിശോധനയ്ക്ക് വിധേയമാണ്. തെറ്റായ ഡിക്ലറേഷനുകൾ നൽകുന്നവർക്ക് വിസ റദ്ദാക്കലും പുറത്താക്കലും ഉൾപ്പെടെ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും. ഇന്ത്യൻ യാത്രികരും വിദ്യാർഥികളും ഓസ്ട്രേലിയയിലേക്ക് വരുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
അതിർത്തിയിലെ സംശയാസ്പദമായ പ്രവർത്തനങ്ങളെക്കുറിച്ച് വിവരം ലഭിക്കുന്നവർക്ക് ‘ബോർഡർ വാച്ച്’ വഴി റിപ്പോർട്ട് ചെയ്യാവുന്നതാണ്.
