Adelaide, Australia       മലയാളം

ഗാർഹിക പീഡന ഇരകൾക്ക് ആശ്വാസമേകാൻ പുതിയ  പദ്ധതിയുമായി ആൽബനീസ് സർക്കാർ

admin February 11, 2026
ഗാർഹിക പീഡന ഇരകൾക്ക് ആശ്വാസമേകാൻ പുതിയ  പദ്ധതിയുമായി ആൽബനീസ് സർക്കാർ

കാൻബെറ: ഓസ്‌ട്രേലിയയിൽ ഗാർഹിക, കുടുംബ, ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്നവരെ (FDSV) തിരിച്ചറിയാനും അവർക്ക് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കാനും ജനറൽ പ്രാക്ടീഷണർമാരെ (GP) സജ്ജമാക്കുന്ന പദ്ധതിക്കായി ആൽബനീസ് സർക്കാർ 22.7 മില്യൺ ഡോളർ കൂടി അനുവദിച്ചു.

ഇരകളെ കണ്ടെത്തുന്നതിനും അവർക്ക് വിദഗ്ധ സഹായം ലഭ്യമാക്കുന്നതിനും നിലവിലുള്ള പൈലറ്റ് പദ്ധതി വിജയിച്ചെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഫണ്ട് വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്. “പ്രൈമറി കെയർ റെസ്പോൺസ് ടു ഫാമിലി, ഡൊമസ്റ്റിക് ആൻഡ് സെക്ഷ്വൽ വയലൻസ്” എന്ന ഈ പദ്ധതിയിലൂടെ 2022 ജൂലൈ മുതൽ 2025 ഏപ്രിൽ വരെ 1,500-ലധികം പേരെ വിദഗ്ധ സേവനങ്ങളിലേക്ക് റഫർ ചെയ്യാൻ സാധിച്ചിട്ടുണ്ട്.

പീഡനത്തിന് ഇരയാകുന്ന സ്ത്രീകളും കുട്ടികളും പലപ്പോഴും ആദ്യം സഹായം തേടിയെത്തുന്നത് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലാണ്. അതിനാൽ, ഇരകളിലെ പീഡന ലക്ഷണങ്ങൾ പെട്ടെന്ന് തിരിച്ചറിയാനും, അവരോട് സുരക്ഷിതമായി ഇടപെടാനും, തുടർനടപടികൾ നിർദ്ദേശിക്കാനും ആരോഗ്യപ്രവർത്തകരെ ഈ പദ്ധതിയിലൂടെ പരിശീലിപ്പിക്കുന്നു. ഡോക്ടർമാർക്ക് പുറമെ നഴ്‌സുമാർക്കും മറ്റ് ജീവനക്കാർക്കും പരിശീലനം നൽകുന്നത് വഴി ക്ലിനിക്കുകളിൽ ഇരകൾക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാൻ സാധിക്കുന്നുണ്ട്.

സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ ഒരു തലമുറയ്ക്കുള്ളിൽ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള 2022-2032 ദേശീയ പദ്ധതിയുടെ ഭാഗമായാണിത് നടപ്പിലാക്കുന്നത്. ഇതുവരെ 48.7 മില്യൺ ഡോളറാണ് ഇതിനായി വകയിരുത്തിയത്.

വിശ്വസ്തരായ ആരോഗ്യപ്രവർത്തകർക്ക് ഇത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ സാധിച്ചാൽ വലിയൊരു പരിധിവരെ അക്രമങ്ങൾ തടയാനാകുമെന്നും, ഇരകൾക്ക് അത് വലിയ ആശ്വാസമാകുമെന്നും അസിസ്റ്റന്റ് മന്ത്രിമാരായ റെബേക്ക വൈറ്റും ഗെഡ് കിയർണിയും വ്യക്തമാക്കി. രാജ്യത്തെ 12 പ്രൈമറി ഹെൽത്ത് നെറ്റ്‌വർക്കുകൾ വഴി എല്ലാ സംസ്ഥാനങ്ങളിലും ഈ സേവനം ലഭ്യമാകും.

 

admin
RELATED POST
0 COMMENTS

Leave a comment

Your email address will not be published. Required fields are marked *

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW