സിറിയയിൽ നിന്നും നാളെ എത്തും; കനത്ത ജാഗ്രത, കാത്തിരിക്കുന്നത് കൂട്ട അറസ്റ്റോ ?
സിറിയയിലെ അൽ-റോജ് ക്യാമ്പിൽ കഴിഞ്ഞിരുന്ന ഐഎസ് ബന്ധമുള്ള 4 ഓസ്ട്രേലിയൻ വനിതകളും അവരുടെ 9 കുട്ടികളും അടങ്ങുന്ന 13 അംഗ സംഘം നാളെ ഓസ്ട്രേലിയയിൽ തിരിച്ചെത്തും. സ്വന്തം ചെലവിൽ യാത്ര തിരിക്കുന്ന ഇവർക്ക് സർക്കാർ യാതൊരു സഹായവും നൽകിയിട്ടില്ലെന്ന് ഹോം അഫയേഴ്സ് മന്ത്രി ടോണി ബർക്ക് സ്ഥിരീകരിച്ചു.
ഭീകരസംഘടനയുടെ ഭാഗമായതിന്റെ പേരിൽ ഇവർക്കെതിരെ കർശന നിയമനടപടികൾ ഉണ്ടാകുമെന്നും, ചിലർക്ക് അറസ്റ്റും കുറ്റപത്രവും നേരിടേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സിഡ്നി, മെൽബൺ വിമാനത്താവളങ്ങളിൽ എത്തുന്ന മുറയ്ക്ക് തന്നെ ഓസ്ട്രേലിയൻ ഫെഡറൽ പൊലീസിന്റെ (AFP) നേതൃത്വത്തിൽ നിയമനടപടികൾ ആരംഭിക്കും. 2014 മുതൽ തന്നെ ഇത്തരം തിരിച്ചെത്തലുകൾ നേരിടാൻ അന്വേഷണ ഏജൻസികൾ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു.
അതെസമയം, രക്ഷിതാക്കളുടെ തീരുമാനങ്ങളുടെ ഇരകളായ കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകും. ഇവർക്ക് ആവശ്യമായ മാനസിക പിന്തുണ, തെറാപ്പി, കമ്മ്യൂണിറ്റി ഇന്റഗ്രേഷൻ, തീവ്രവാദ വിരുദ്ധ (CVE) കൗൺസിലിംഗ് എന്നിവ ലഭ്യമാക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ഐഎസ് തകർച്ചയ്ക്ക് ശേഷം 2019 മുതൽ വടക്കൻ സിറിയയിലെ കുർദിഷ് നിയന്ത്രണത്തിലുള്ള ക്യാമ്പിലായിരുന്നു ഇവർ. കഴിഞ്ഞ മാസം ക്യാമ്പ് വിട്ട ഇവർ ഡമാസ്കസ് വഴിയാണ് ദോഹയിൽ നിന്നും വിമാനമാർഗ്ഗം ഓസ്ട്രേലിയയിലേക്ക് മടങ്ങുന്നത്. ഒരു പൗരനെന്ന നിലയിൽ ഇവർക്ക് രാജ്യത്തേക്ക് മടങ്ങാനുള്ള നിയമപരമായ അവകാശമുണ്ടെങ്കിലും, തെളിവുകളുടെ അടിസ്ഥാനത്തിൽ കുറ്റവാളികൾക്കെതിരെ ‘പൂർണ്ണ നിയമശക്തി’ ഉപയോഗിക്കുമെന്ന് അധികൃതർ ആവർത്തിച്ചു വ്യക്തമാക്കി.
News by
Sajin Thiruvallam
News Editor

News Editor