ഗ്യാസ് കമ്പനികളുടെ കൊള്ളലാഭത്തിന് കടിഞ്ഞാണിടാൻ ഓസ്‌ട്രേലിയ; ഹാജരായില്ലെങ്കിൽ ജയിൽ ശിക്ഷ വരെ
കാൻബെറ: ഓസ്‌ട്രേലിയൻ വാതകം വിദേശത്തേക്ക് കയറ്റുമതി ചെയ്ത് വൻ ലാഭം കൊയ്യുന്ന വൻകിട ഗ്യാസ് കമ്പനികൾക്ക് കടിഞ്ഞാണിടാൻ നീക്കം. വരാനിരിക്കുന്ന മെയ് മാസത്തിലെ ബജറ്റിന് മുന്നോടിയായി ഗ്യാസ് കയറ്റുമതിക്ക് 25% നികുതി ഏർപ്പെടുത്തുന്നത് സംബന്ധിച്ച് പഠിക്കുന്ന സെനറ്റ് അന്വേഷണ സമിതിക്ക് (Select Committee on the Taxation of Gas Resources) മുൻപിൽ ഹാജരാകാൻ പ്രമുഖ ഗ്യാസ് കമ്പനികളുടെ മേധാവികൾക്ക് നിർദേശം നൽകി. സമിതിയുടെ അധ്യക്ഷയും ഗ്രീൻസ് സെനറ്ററുമായ സ്റ്റെഫ് ഹോഡ്‌ജിൻസ്-മേ ആണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
സാന്റോസ് (Santos), വുഡ്‌സൈഡ് (Woodside), ഇൻപെക്സ് (INPEX), ഷെവ്‌റോൺ (Chevron), ഷെൽ (Shell), കൊണോകോ ഫിലിപ്സ് (ConocoPhillips) എന്നീ ആഗോള ഭീമന്മാരായ കമ്പനികളുടെ സിഇഒ-മാരോടാണ് സമിതിക്ക് മുൻപിൽ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ഹാജരായില്ലെങ്കിൽ ജയിൽ ശിക്ഷ വരെ
സമിതിയുടെ ഈ ക്ഷണം നിരസിച്ചാൽ കമ്പനി മേധാവികൾക്ക് നേരിട്ട് സമൻസ് അയക്കാൻ കമ്മിറ്റിക്ക് അധികാരമുണ്ട്. സമൻസ് ലഭിച്ചിട്ടും ഹാജരായില്ലെങ്കിൽ അത് സെനറ്റിനോടുള്ള അലക്ഷ്യമായി (Contempt of the Senate) കണക്കാക്കും. ഇതിന് ശാസനയോ പിഴയോ അല്ലെങ്കിൽ ജയിൽ ശിക്ഷ തന്നെയോ ലഭിക്കാവുന്നതാണ്. ഏപ്രിൽ 20 മുതൽ 24 വരെയാണ് സമിതിയുടെ ഹിയറിങ് നടക്കുന്നത്. കാൻബെറയിൽ രണ്ടും പെർത്തിൽ ഒരു ഹിയറിംഗുമാണ് നിശ്ചയിച്ചിട്ടുള്ളത്.
ജനങ്ങളെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കണം: സ്റ്റെഫ് ഹോഡ്‌ജിൻസ്-മേ
ആഗോള തലത്തിലുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വർദ്ധിച്ച വിലയുടെ ആനുകൂല്യം മുതലെടുത്ത് വലിയ ലാഭമാണ് ഈ ഗ്യാസ് കമ്പനികൾ നേടുന്നതെന്ന് സെനറ്റർ സ്റ്റെഫ് ഹോഡ്‌ജിൻസ്-മേ കുറ്റപ്പെടുത്തി. “സാധാരണക്കാർ ഇന്ധനത്തിനും നിത്യോപയോഗ സാധനങ്ങൾക്കും വലിയ വില കൊടുക്കേണ്ടി വരുമ്പോൾ, ഈ കമ്പനികൾ യുദ്ധങ്ങളുടെ പശ്ചാത്തലത്തിൽ വൻ കൊള്ളലാഭം ഉണ്ടാക്കുകയാണ്,” അവർ പറഞ്ഞു.
രാജ്യത്തെ വാതകം വിദേശത്ത് വിറ്റ് റെക്കോർഡ് ലാഭം നേടുമ്പോഴും ഈ കമ്പനികൾ ഓസ്‌ട്രേലിയയിൽ കാര്യമായി നികുതിയൊന്നും അടയ്ക്കുന്നില്ലെന്നും, ഇത് എന്തുകൊണ്ടാണെന്ന് ജനങ്ങളോട് വിശദീകരിക്കാൻ അവർ ബാധ്യസ്ഥരാണെന്നും അവർ കൂട്ടിച്ചേർത്തു. ഗ്യാസ് കയറ്റുമതിക്ക് 25% നികുതി ഏർപ്പെടുത്തിയാൽ പ്രതിവർഷം 17 ബില്യൺ ഡോളർ സമാഹരിക്കാനാകുമെന്നാണ് കണക്കാക്കുന്നത്. കമ്പനികളുടെ ഇത്തരം ചൂഷണങ്ങൾക്ക് തടയിടാനും ഈ തുക ഓസ്‌ട്രേലിയക്കാരുടെ ക്ഷേമത്തിനായി ഉപയോഗിക്കാനും ഈ അന്വേഷണം വഴിയൊരുക്കുമെന്നും ഗ്രീൻസ് സെനറ്റർ വ്യക്തമാക്കി.
News by
Sajin Thiruvallam
News Editor

News Editor