Adelaide, Australia       മലയാളം

ലിബറൽ പാർട്ടിയിൽ  ഭിന്നത രൂക്ഷം: വിവാദ ‘കുടിയേറ്റ കരിമ്പട്ടിക’ തള്ളി ആംഗസ് ടെയ്‌ലർ

admin February 16, 2026
ലിബറൽ പാർട്ടിയിൽ  ഭിന്നത രൂക്ഷം: വിവാദ ‘കുടിയേറ്റ കരിമ്പട്ടിക’ തള്ളി ആംഗസ് ടെയ്‌ലർ

കാൻബെറ: ഓസ്ട്രേലിയൻ ലിബറൽ പാർട്ടിയുടെ പുതിയ കുടിയേറ്റ നയം സംബന്ധിച്ച് പുറത്തുവന്ന രഹസ്യരേഖ പാർട്ടിക്കുള്ളിൽ വൻ പൊട്ടിത്തെറിക്ക് കാരണമായി. ഗാസ, സൊമാലിയ തുടങ്ങിയ സംഘർഷബാധിത മേഖലകളിൽ നിന്നുള്ളവർക്ക് ഓസ്ട്രേലിയയിൽ പ്രവേശനം നിഷേധിക്കുന്നതടക്കമുള്ള കർശന നിർദ്ദേശങ്ങളടങ്ങിയ രേഖ, താൻ കണ്ടിട്ടില്ലെന്നും അതിന് പാർട്ടിയിൽ സാധുതയില്ലെന്നും വ്യക്തമാക്കി പ്രതിപക്ഷ നേതാവ് ആംഗസ് ടെയ്‌ലർ രംഗത്തെത്തി.

ഞായറാഴ്ച രാത്രി എ.ബി.സിയുടെ ‘7.30’ പരിപാടിയിൽ സംസാരിക്കവെയാണ്, പാർട്ടിയിലെ മുൻ നേതൃത്വത്തിന്റെ കാലത്ത് തയ്യാറാക്കിയതെന്ന് കരുതപ്പെടുന്ന ഈ ‘ഹാർഡ്‌ലൈൻ’ നയത്തെ ടെയ്‌ലർ തള്ളിപ്പറഞ്ഞത്.

എന്താണ് വിവാദ രേഖയിൽ? സുസാൻ ലേ ലീഡറായിരുന്ന സമയത്ത് അവരുടെ ഓഫീസിൽ തയ്യാറാക്കിയതെന്ന് ആരോപിക്കപ്പെടുന്ന 23 പേജുള്ള കരട് രേഖയാണ് ചോർന്നത്. ഇതിലെ പ്രധാന നിർദ്ദേശങ്ങൾ ഇവയാണ്:

യാത്രാ വിലക്ക്: ഗാസ, സൊമാലിയ, അഫ്ഗാനിസ്ഥാൻ, യെമൻ, നൈജീരിയ, ഫിലിപ്പീൻസ് തുടങ്ങി 13 രാജ്യങ്ങളിലെ 37 ഭീകരവാദ നിയന്ത്രിത പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് വിസ നൽകരുത്.

കർശന പരിശോധന: അതിർത്തിയിൽ വെച്ച് യാത്രക്കാരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിക്കുക.

നാടുകടത്തൽ: ‘ഓസ്ട്രേലിയൻ വാല്യൂസ് സ്റ്റേറ്റ്‌മെന്റ്’ ലംഘിക്കുന്നവരെ ഉടനടി ഡിപ്പോർട്ട് ചെയ്യുക.

വിസ വെട്ടിച്ചുരുക്കൽ: നെറ്റ് ഓവർസീസ് മൈഗ്രേഷൻ (NOM) മൂന്ന് ലക്ഷത്തിൽ നിന്ന് 1.75 ലക്ഷമായി കുറയ്ക്കുക, അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണം നിയന്ത്രിക്കുക.

കൈമലർത്തി ടെയ്‌ലർ; എതിർപ്പുമായി ഷാഡോ മന്ത്രിമാർ :കഴിഞ്ഞയാഴ്ച നടന്ന ലീഡർഷിപ്പിൽ വിജയിച്ച് അധികാരമേറ്റ ആംഗസ് ടെയ്‌ലർക്ക്, ഈ രേഖ വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. “ഈ രേഖ ഞാൻ കണ്ടിട്ടില്ല. ഇത് ഷാഡോ കാബിനറ്റിലോ നേതൃതലത്തിലോ ചർച്ച ചെയ്തിട്ടില്ല. ഇതിന് പാർട്ടിയുടെ ഔദ്യോഗിക അംഗീകാരമില്ല,” എന്നാണ് ടെയ്‌ലർ പ്രതികരിച്ചത്.

പാർട്ടിക്കുള്ളിലെ മിതവാദികളും ഈ നീക്കത്തിനെതിരെ രംഗത്തുവന്നു. ഷാഡോ ഇമിഗ്രേഷൻ മന്ത്രി പോൾ സ്കാർ, ഷാഡോ ആഭ്യന്തര മന്ത്രി ജോണോ ഡൂണിയം എന്നിവർ തങ്ങൾക്ക് ഈ രേഖയുമായി ബന്ധമില്ലെന്നും, ഇത്തരം കടുത്ത നിലപാടുകളോട് യോജിക്കുന്നില്ലെന്നും പരസ്യമായി വ്യക്തമാക്കി. ‘വൺ നേഷൻ’ പാർട്ടിയുടെ ശൈലിയിലുള്ളതാണ് ഈ നയമെന്നാണ് പാർട്ടിക്കുള്ളിലെ ഒരു വിഭാഗം വിമർശിക്കുന്നത്.

അതെസമയം, തിങ്കളാഴ്ച പുറത്തുവന്ന ഈ വിവരങ്ങൾ ഭരണകക്ഷിയായ ലേബർ പാർട്ടിക്ക് വലിയൊരായുധമായി മാറി. ഓസ്ട്രേലിയയുടെ മാനവിക മുഖം തകർക്കുന്നതാണ് ലിബറലുകളുടെ രഹസ്യ അജണ്ടയെന്ന് മന്ത്രി ആൻഡ്രൂ ലീ വിമർശിച്ചു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, കുടിയേറ്റ വിഷയത്തിൽ ലിബറൽ പാർട്ടിക്കുള്ളിലെ ആശയക്കുഴപ്പം മുതലെടുക്കാനാണ് ലേബറിന്റെ നീക്കം.

എന്നാൽ, വിവാദം തണുപ്പിക്കാൻ ശ്രമിക്കുമ്പോഴും, ദേശീയ സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ആംഗസ് ടെയ്‌ലർ സൂചിപ്പിച്ചു. ഓസ്ട്രേലിയയെ വെറുക്കുന്നവർക്ക് രാജ്യത്ത് സ്ഥാനമില്ലെന്നും, ഹൈ-റിസ്ക് പ്രദേശങ്ങളിൽ നിന്നുള്ളവരെ ഇന്റലിജൻസ് ഏജൻസികൾ കർശനമായി നിരീക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. നികുതി ഇളവുകൾക്കും ആണവോർജ്ജത്തിനും ഊന്നൽ നൽകിക്കൊണ്ടുള്ള പുതിയ നയങ്ങൾക്കൊപ്പം, കുടിയേറ്റ നയം ഉടച്ചുവാർക്കാനും ടെയ്‌ലറുടെ ടീം ശ്രമം തുടങ്ങിയിട്ടുണ്ട്.

ഈ വിവാദം ലിബറൽ പാർട്ടിക്കുള്ളിലെ ഐക്യത്തെ ബാധിക്കുമോയെന്നതാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.

 

 

 

admin
RELATED POST
0 COMMENTS

Leave a comment

Your email address will not be published. Required fields are marked *

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW