ഓസ്‌ട്രേലിയയിൽ റെക്കോർഡ് ചൂട് : വരും ദിവസങ്ങളിലെ മുന്നറിയിപ്പുകൾ
ഓസ്‌ട്രേലിയയുടെ തെക്ക്-കിഴക്കൻ മേഖലകളിൽ റെക്കോർഡ് ചൂടും കടുത്ത ഉഷ്ണതരംഗവും (Severe Heatwave) അനുഭവപ്പെടുന്നു. അടുത്ത ആഴ്ച വരെ ഈ സാഹചര്യം തുടരുമെന്ന് ബ്യൂറോ ഓഫ് മെറ്റിയറോളജി (Bureau of Meteorology) മുന്നറിയിപ്പ് നൽകി.
ഇന്ന് : അഡ്ലെയ്ഡിൽ 43 ഡിഗ്രിയും മെൽബണിൽ 40 ഡിഗ്രിയും താപനില രേഖപ്പെടുത്തി. ഹോബാർട്ടിൽ 29 ഡിഗ്രി വരെയെത്തി. ചൂടിനൊപ്പം ശക്തമായ കാറ്റും വീശുന്നത് കാട്ടുതീയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. സൗത്ത് ഓസ്‌ട്രേലിയയിലെ യോർക്ക് (Yorke), ഈസ്റ്റേൺ എയർ (Eastern Eyre) പെനിൻസുലകളിൽ ‘കാറ്റസ്‌ട്രോഫിക്’ (Catastrophic) ഫയർ ഡേഞ്ചർ പ്രഖ്യാപിച്ചു. ഈ മേഖലകളിൽ തീപിടുത്തമുണ്ടായാൽ അത് നിയന്ത്രിക്കാൻ സാധിക്കാത്ത വിധം അപകടകരമായിരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ഞായറാഴ്ച: മെൽബണിലെ തീരപ്രദേശങ്ങളിൽ ചൂടിന് നേരിയാ ശമനമുണ്ടാകും (24 ഡിഗ്രി). എന്നാൽ വടക്ക്-കിഴക്കൻ വിക്ടോറിയയിൽ ശക്തമായ കാറ്റ് വീശുന്നതിനാൽ ‘എക്സ്ട്രീം ഫയർ ഡേഞ്ചർ’ (Extreme Fire Danger) തുടരും. നിലവിൽ തീപിടുത്തങ്ങൾ ഉള്ള മേഖലകളിൽ ജനങ്ങൾ ജാഗ്രത പാലിക്കണം.
തിങ്കളാഴ്ച (ഓസ്‌ട്രേലിയ ഡേ): സൗത്ത് ഓസ്‌ട്രേലിയയിൽ ചൂട് അതിന്റെ ഉച്ചസ്ഥായിയിലെത്തും. അഡ്ലെയ്ഡിൽ താപനില 45 ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ട്. ന്യൂ സൗത്ത് വെയിൽസിലെ സെൻട്രൽ റേഞ്ചുകളിൽ കാട്ടുതീ ഭീഷണി രൂക്ഷമാകും.
ചൊവ്വാഴ്ച: മെൽബണിൽ വീണ്ടും ചൂട് കൂടും (43 ഡിഗ്രി). വടക്കൻ വിക്ടോറിയ, വെസ്റ്റേൺ എൻ.എസ്.ഡബ്ല്യു എന്നിവിടങ്ങളിൽ താപനില മുൻകാല റെക്കോർഡുകൾ തകർത്തേക്കാം.
പൊതുജനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ:
രാത്രിയിലും താപനില കുറയാത്തത് ആരോഗ്യപ്രശ്നങ്ങൾക്കും ശരീരത്തിന് ക്ഷീണം മാറാത്ത അവസ്ഥയ്ക്കും കാരണമായേക്കാം.
വൈദ്യുതി ഉപയോഗം കൂടുന്നതിനാൽ പവർ ഗ്രിഡുകളിൽ സമ്മർദ്ദമുണ്ടാകാൻ സാധ്യതയുണ്ട്.
കാലാവസ്ഥാ അറിയിപ്പുകൾക്കായി ബ്യൂറോയുടെ ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റ് ശ്രദ്ധിക്കണമെന്നും, എമർജൻസി സർവീസുകളുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.