പെർത്തിൽ ന്യൂ ഇയർ ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചു; കാട്ടുതീ പടർന്നു, 19-കാരൻ അറസ്റ്റിൽ
പെർത്ത്: ന്യൂ ഇയർ ആഘോഷത്തിനിടെ കാടിന് സമീപം പടക്കം പൊട്ടിച്ചതിനെ തുടർന്ന് വൻ തീപിടുത്തമുണ്ടായ സംഭവത്തിൽ 19-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പെർത്ത് ഹിൽസിലെ കലമുണ്ടയിലാണ് (Kalamunda) സംഭവം.
ജനുവരി 1-ന് പുലർച്ചെ 12:20-ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ടെംബി അവന്യൂവിലെ (Temby Avenue) ഉണങ്ങിയ പുല്ലിലേക്ക് യുവാവ് പടക്കം എറിഞ്ഞതാണ് തീപിടുത്തത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. തീ വേഗത്തിൽ പടർന്നതോടെ 25 ഹെക്ടറോളം സ്ഥലം കത്തിനശിച്ചു.
അപകടത്തെ തുടർന്ന് മൈഡ വെയ്ൽ (Maida Vale), ഫോറസ്റ്റ്ഫീൽഡ് (Forrestfield), കലമുണ്ട തുടങ്ങിയ പ്രദേശങ്ങളിൽ എമർജൻസി വാണിംഗ് (Emergency Warning) പ്രഖ്യാപിക്കുകയും, ആളുകളോട് ഉടൻ ഒഴിഞ്ഞുപോകാാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. 2000-ത്തോളം വീടുകളിൽ വൈദ്യുതി ബന്ധം തകരാറിലായി. വെസ്റ്റേൺ പവറിന്റെ നേതൃത്വത്തിൽ രാവിലെ 9 മണിയോടെ ഭൂരിഭാഗം വീടുകളിലും വൈദ്യുതി പുനഃസ്ഥാപിച്ചു.
നിലവിൽ അപായ മുന്നറിയിപ്പ് ‘വാച്ച് ആൻഡ് ആക്ട്’ (Watch and Act) ആയി കുറച്ചിട്ടുണ്ട്. തീ നിയന്ത്രണവിധേയമാണെങ്കിലും പൂർണ്ണമായും അണയ്ക്കാൻ സാധിച്ചിട്ടില്ല. മുൻകരുതലിന്റെ ഭാഗമായി ഹൈ വിക്കോംബ് കമ്മ്യൂണിറ്റി സെന്ററിൽ (High Wycombe Community and Recreation Centre) ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്.
കലമുണ്ട സ്വദേശിയായ 19-കാരനെതിരെ അശ്രദ്ധമായി പെരുമാറിയതിന് (breach of duty of care) കുറ്റം ചുമത്തി. ഇയാളെ ഇന്ന് പെർത്ത് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും, പുക ശല്യം ഒഴിവാക്കാൻ ജനലുകളും വാതിലുകളും അടച്ചിടണമെന്നും അഗ്നിശമന സേന (DFES) മുന്നറിയിപ്പ് നൽകി.
Photo : Facebook