ചെറുകിട വ്യവസായങ്ങൾക്ക് 8 മില്യൺ ഡോളറിന്റെ കൈത്താങ്ങ്
കാൻബെറ: ഓസ്‌ട്രേലിയയുടെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ ചെറുകിട ബിസിനസുകളെ (Small Businesses) സംരക്ഷിക്കാൻ വൻ പ്രഖ്യാപനങ്ങളുമായി ആൽബനീസ് സർക്കാർ. രാജ്യത്തെ 26 ലക്ഷത്തിലധികം വരുന്ന ചെറുകിട സംരംഭകർക്കായി മാനസിക-സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്ന പുതിയ പാക്കേജാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി ജൂലൈ 1 മുതൽ 8 മില്യൺ ഡോളർ അധികമായി അനുവദിക്കും.
ബിസിനസ് തകർച്ചയും സാമ്പത്തിക ബാധ്യതകളും മൂലം മാനസിക സമ്മർദ്ദം അനുഭവിക്കുന്നവരെ സഹായിക്കാൻ ‘ന്യൂ ആക്സസ് ഫോർ സ്മോൾ ബിസിനസ് ഓണേഴ്സ്’ (NASBO) പദ്ധതി വിപുലീകരിക്കും. കൂടാതെ, സാമ്പത്തിക പ്രതിസന്ധി നേരിടുന്നവർക്ക് സൗജന്യ ഉപദേശം നൽകുന്ന ‘സ്മോൾ ബിസിനസ് ഡെറ്റ് ഹെൽപ്പ്‌ലൈൻ’ സേവനങ്ങളും ഒരു വർഷത്തേക്ക് കൂടി തുടരും.
വൻകിടക്കാർക്ക് മുന്നറിയിപ്പ് : ചെറുകിടക്കാർക്ക് നൽകാനുള്ള പണം വൈകിപ്പിക്കുന്ന വൻകിട കമ്പനികൾക്കെതിരെ നടപടി കർശനമാക്കാനും തീരുമാനമായി. 100 മില്യൺ ഡോളറിലധികം വാർഷിക വരുമാനമുള്ള കമ്പനികൾ ചെറുകിട വിതരണക്കാർക്ക് എത്ര ദിവസത്തിനുള്ളിൽ പണം നൽകുന്നു എന്നത് കൃത്യമായി റിപ്പോർട്ട് ചെയ്യണം. പണം നൽകാൻ ഏറ്റവും കാലതാമസമെടുക്കുന്ന കമ്പനികളുടെ വിവരങ്ങൾ പരസ്യപ്പെടുത്തുന്നതടക്കമുള്ള ശിക്ഷാ നടപടികൾ ‘പേയ്മെന്റ് ടൈംസ് റിപ്പോർട്ടിങ് റെഗുലേറ്റർ’ സ്വീകരിക്കും. സർക്കാർ സ്ഥാപനങ്ങൾ ശരാശരി 16 ദിവസത്തിനുള്ളിൽ പണം നൽകുമ്പോൾ, സ്വകാര്യ വമ്പന്മാർ ഇതിനായി 27 ദിവസത്തിലധികം എടുക്കുന്നുണ്ടെന്നാണ് കണക്കുകൾ.
മറ്റ് പ്രധാന ആനുകൂല്യങ്ങൾ
- ഇൻസ്റ്റന്റ് അസറ്റ് റൈറ്റ് ഓഫ് (Instant Asset Write-off) കാലാവധി നീട്ടി.
- 15 ലക്ഷത്തോളം വരുന്ന സോൾ ട്രേഡേഴ്സിന് (Sole Traders) നികുതി ഇളവുകൾ.
- മുൻഗണനാ മേഖലകളിലെ അപ്രന്റീസുമാർക്ക് 5,000 ഡോളർ ഇൻസെന്റീവ്.
“പണലഭ്യത (Cash flow) ബിസിനസിന് ജീവവായു പോലെയാണ്. അത് തടസ്സപ്പെടാതെ നോക്കേണ്ടത് അനിവാര്യമാണ്,” ചെറുകിട ബിസിനസ് മന്ത്രി ഡോ. ആൻ അലി പറഞ്ഞു. ഓരോ മാസവും 26,000 പുതിയ ബിസിനസുകൾ ഓസ്‌ട്രേലിയയിൽ ആരംഭിക്കുന്നുണ്ടെന്നും 52 ലക്ഷം ആളുകൾക്ക് തൊഴിൽ നൽകുന്ന ഈ മേഖല രാജ്യത്തിന് നൽകുന്ന സംഭാവന ചെറുതല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
